ഇടി


ഞാൻ എന്താ ഈ കാണണേ.... ചുറ്റും ബഹളമയമാണ്. ഇടി കൂടുകയാണ് എല്ലാവരും. ഒരുവലിയ കൂട്ടം ജനങ്ങൾ, അവർക്ക് ഒത്ത നടുവിൽ ഞാനും. എന്റെ അടുത്തെത്താൻ വേണ്ടി പുറകിലുള്ളവരാണ് ഇടികൂടുന്നത്.ഇവരുടെ തള്ളുകാരണം എനിക്ക് നിൽക്കാൻ കുറച്ച് ബുദ്ധിമുട്ട് തോനി ഇടയ്ക്ക്. അടുത്ത് നിൽക്കുന്ന ചിലർ ഇടിച്ച് വീഴ്ത്തിയിരുന്നു. മുട്ടിലും മൂക്കത്തും ഒക്കെ അതിന്റെ പാടുണ്ട്. ചിലതൊക്കെ ഭംഗിയുള്ള പാടുകളാണ് :/ പാടുകൾ എല്ലാം ഓരോ പാഠങ്ങൾ ആണല്ലോ(?). പുറകിൽ നിൽക്കുന്നവർക്ക് എന്നെ ഇടിച്ചുവീഴ്ത്താൻ പറ്റില്ല, അവർക്ക് എന്നെ വേണമെങ്കിൽ കല്ലെറിയാനെ പറ്റൂ. അതും ലക്ഷ്യത്തിൽ എത്തും എന്ന് ഉറപ്പുപറയാനൊന്നും പറ്റില്ലല്ലോ.!! ചിലർ എന്നെ ശക്തമായി ഇടിച്ചുകൊണ്ടിരിക്കുന്നുണ്ട്, പക്ഷെ അതൊന്നും എന്നെ വീഴ്ത്താൻ അല്ല.ഒന്നൊന്നിനോട് ചേരുവാൻ ചില കൂട്ടിയിടിക്കലുകൾ വേണമല്ലോ.(രണ്ട് ഗോതമ്പുമാവ് ഉരുളകൾ ചേർന്ന് ഇടിച്ചാൽ ഒന്നാകുന്നില്ലേ, അതുപോലെ). ചില സുഖമുള്ള ഇടികൾ, പക്ഷെ ഒന്നും ഒന്നിനോടും ചേരുന്നില്ല. വേദന മാത്രമാണ് ബാക്കിയുള്ളത്.നേരത്തെ ഒരു അലങ്കാരത്തിന് ഉപയോഗിച്ച സുഖം അങ് മായ്ച്ച് കളഞ്ഞേക്കൂ. അല്ലേലും സുഖം സന്തോഷം എന്നൊക്കെ പറഞ്ഞത് ഒരു അലങ്കാരം ആണല്ലോ. ചിലപ്പോൾ ഇടിച്ചുവീഴ്ത്തിയവർ തന്നെ പിടിച്ചെഴുനേല്പിക്കാറുമുണ്ട്. എന്നാൽ ഇതിൽനിന്നുമെല്ലാം എന്നെ പേടിപ്പിക്കുന്ന വേറെ ചിലതുണ്ട്. എന്റെ ചുറ്റിലും നിൽക്കുന്നവരിൽ പലരും പെട്ടെന്ന് എങ്ങോ മറയുന്നു. കണ്ണുചിമ്മുമ്പോൾ കണ്ടിരുന്നവരെ കണ്ണുതുറക്കുമ്പോൾ കാണുന്നില്ല. എത്ര തിരക്ക് കൂടിയാലും ചിലർ നിന്നിടം ഒഴിഞ്ഞുകിടക്കുന്നു, ചിലർ നിന്നിടത്ത് വേറെ ആരെങ്കിലും കയറിനിന്നിട്ടുണ്ടാകും. പക്ഷെ ഓരോരുത്തരെ കാണാതാകുമ്പോഴും എനിക്ക് ഭയമാണ്. കാരണം കണ്മറഞ്ഞവർ നൽകുന്ന സൂചന, നമ്മൾ കൺനിറയെ കണ്ടാസ്വദിക്കുന്ന പലതും നാളെ കണ്മുൻപിലെ ചിത്രങ്ങൾ മാത്രമാകും എന്ന്. ഒന്നുകൂടെ മുകളിൽനിന്ന് നോക്കിയാൽ കണാം, ഞാനും ഇടി കൂടുകയാണ്. പലരുടെയും അടുത്തെത്താൻ,  ചിലരോടൊന്നുചേരാൻ. സ്വാഭാവികമായും വേറെ ചിലരെയൊക്കെ ഇടിച്ചിടാനും ആകാം.
ഇവിടെ മൊത്തം ബഹളമാണ്, ഇടിയുടെ പൊടിപാറിയ പൂരമാണ്. കടന്നുവരൂ കടന്നുവരൂ....ഈ ബഹളത്തിൻറ്റിടയ്ക്ക് എങ്ങനെ ഉറങ്ങാൻ സാധിക്കുന്നു..!! വന്നിട്ട് പറഞ്ഞുതരൂ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????