സ്വസ്തി

ചിന്തിച്ചിട്ട് ഒരു അന്തവും കിട്ടുന്നില്ല എന്നതായിരുന്നു ഇന്നലെ വരെ പരാതി. അത് അത്ര വലിയ പ്രശ്നമല്ലായിരുന്നു എന്ന് മനസ്സിലാകുന്നത് നോക്കിയിട്ട് ഒരു അറ്റവും കാണുന്നില്ല എന്ന് മാത്രമല്ല തൊട്ട് മുന്നിലെന്താണ് എന്ന് പോലും മനസിലാവാതെ ഇങ്ങനെ നീന്തുമ്പോഴാണ്. സന്ധ്യവരെ മുമ്പിൽ നീ ണ്ട് കിടക്കുന്ന ജലാശയത്തിന്റെ ഭീതിപൂർവ്വമായ പരപ്പ് പേടിയോടൊപ്പം ഒരു പ്രതീക്ഷ കൂടെ തന്നിരുന്ന , ഉടനെ ഒരു കരകാണും എന്നതിന്റെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ കണ്ണിലും കാതിലും മാത്രമല്ല മനസ്സിലും ഇരുട്ട് തുളച്ച് കയറുന്നു. ആരവങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല എന്നിട്ടും അതിനൊന്നും കാത്തു നിൽക്കാതെ ഇറങ്ങി തിരിച്ചത് അവനവനിൽ ഉള്ള ഉറച്ച വിശ്വാസം കൊണ്ടൊന്നും അല്ല മറിച്ച് അവയ്ക്കായി കാത്തു നിൽക്കുന്നതിലെ അർത്ഥശൂന്യത മനസിലാക്കിയതുകൊണ്ടാണ്. ആകാശത്ത് കാർമേഘം മൂടിയ ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം മുങ്ങി ചാവാൻ ആക്രോശിക്കുന്നതായി തോന്നി. അല്ലെങ്കിലും ഇനിയും എന്നിൽ പ്രതീക്ഷ വെക്കുന്നത് വിഢിത്തരം ആണ് എന്ന് തോന്നിക്കാണും. കരയിലെവിടെയോ തങ്ങൾക്ക് മുൻപിൽ ഉപചാരങ്ങളുടെ ഉപ്പു ചാക്കുകൾ വച്ച് വണങ്ങാത്ത വന്റെ പതനം പറഞ്ഞ് അട്ടഹാസങ്ങൾ ഉയരുന്നുണ്ടാകും ,അല്ല അത് എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. വ്യക്തമായ ചില മുഖങ്ങൾ അവയ്ക്ക് പുറകിലായി ഇനിയും മനസ്സിലാകാത്ത ചില രൂപങ്ങൾ. ഇവർക്ക് പുറകിലായി അഭ്യുദയകാംക്ഷികളായ ചിലർ വീണു കിടക്കുന്നുണ്ട്.അട്ടഹാസങ്ങൾക്കിടയിൽ അവരുടെ പ്രാർത്ഥന ഈശ്വരൻ പോലും കേൾക്കുന്നില്ലേ !
ഓരോ പ്രതീക്ഷയും ലക്ഷ്യങ്ങളും മോഹങ്ങളും ആയിരുന്നു ഈ രാത്രിയിലെ കൊടും തണുപ്പിലും ഊർജ്ജമായിരുന്നത്. ആ മനസ്സും മരവിച്ച് തുടങ്ങിയിരിക്കുന്നു. അതെ ആഴങ്ങൾ ആർത്തുവിളിക്കുന്നു . മനസ്സിൽ നിന്ന് ഭാവിയുടെ പ്രതീക്ഷകളും അന്ത്യത്തെ കുറിച്ചുള്ള ഭീതിയും വിട്ട് പോയിരിക്കുന്നു. ഞാൻ എന്ന ഞാൻ എന്നിൽ നിന്ന് സ്വതന്ത്രമാകുന്നു എന്ന് ഞാൻ അറിയുന്നു. എന്റെ കൈകളെ ഞാൻ അറിയുന്നില്ല, കാലുകളെ അറിയുന്നില്ല തലയ്യോ ഇന്ദ്രിയങ്ങൾ ഒന്നിനേയും അറിയുന്നില്ല. സ്വാതന്ത്ര്യത്തിന്റെ അനുഭൂതിയാണ് എന്നിൽ എങ്ങും നിറഞ്ഞ് നിൽക്കുന്നത്.
കടുത്ത പ്രകാശം സൂചി പോലെ കണ്ണിൽ തുളച്ചു കയറിയപ്പോർ ആണ് കണ്ണ് തുറന്നത്.ചുറ്റിലും നോക്കിയപ്പോൾ വെള്ളം, വെള്ളത്തിൽ മുങ്ങി നിൽക്കുന്നു. തലയ്ക്ക് മുകളിലും വെള്ളം.വായു എന്നെ പൊതിഞ്ഞതിനേക്കാൾ എത്രയോ സുന്ദരമായി എന്നെ പുതച്ചിരിക്കുന്നു.പരിപൂർണ്ണ സന്തോഷത്തിന്റെ എല്ലാ മരങ്ങളും വസന്തത്തിലെന്ന പോലെ പൂത്തിരിക്കുന്നു. അവിടെ എനിക്ക് മുമ്പേയാത്ര തുടങ്ങിയ ചിലരെയൊക്കെ കണ്ടു. ഉഗ്രപ്രതാപം അവരുടെ കണ്ണുകളിൽ ഉദിച്ച് നിൽക്കുന്നത് കാണാം. അതെ ഞാൻ എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നത്.ഇവിടെ എല്ലാവർക്കും സത്യവും ധർമ്മവും ആണ് മേൽവിലാസം. സമയമായപ്പോൾ ഞാനും ഇവിടെ എത്തി. കരയിലെ അട്ടഹാസങ്ങൾ എനിക്ക് വ്യക്തമായി കേൾക്കാം. അത് കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു.
അഭ്യുദയകാംക്ഷികളുടെ ശബ്ദം മൗനത്തിലെ ശംഘനാദങ്ങൾ തന്നെയായിരുന്നു.
സ്വസ്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????